Wednesday, September 26, 2012

കൂടംകുളം



I

ആഞ്ഞടിച്ചത്
കടലില്‍ നിന്ന് തിരകള്‍
കരയില്‍ നിന്ന് ലാത്തികള്‍
ആകാശത്ത് നിന്ന് സുരക്ഷാ വിമാനങ്ങള്‍


കടലില്‍ തീര്‍ത്ത
മനുഷ്യ ചങ്ങല എന്നിട്ടും പൊട്ടിയില്ല

സുനാമി തോറ്റുപോയ കരയില്‍
ഒരു ചെറു വേലിയേറ്റം എന്ത്
മാറ്റം വരുത്താനാണ്?

II

ശരീരം മണലില്‍ പൂഴ്ത്തി
ചിരിക്കുന്ന കരയുന്ന കുറെ മുഖങ്ങള്‍ മാത്രം മണ്ണിനു മുകളില്‍
അറുത്തു വച്ച കുറെ ആട്ടിന്‍ തലകള്‍ അറവുശാലയില്‍ വില്‍ക്കാന്‍ വച്ചതു പോലെ
ജീവനുള്ള അനേകം രക്തസാക്ഷി കുടീരങ്ങള്‍ പോലെ

കുതിര കുളമ്പുകള്‍ ശബ്ദിച്ചില്ല 
കറുത്ത ബൂട്ടുകള്‍ ചോര പൊടിച്ചില്ല
ചെകുത്താന്‍ ഞണ്ടുകള്‍ കണ്ണുകള്‍ ചൂഴ്ന്നില്ല.

ആണവ മേധാവി
മന്ത്രിക്ക് ഊര്‍ജം പകര്‍ന്നു :

'മണ്ണില്‍ പൂഴ്ത്തിയ ശരീരത്തിലേക്ക്
അണു വികരണം നടക്കില്ല,
കഴുതത്തലകള്‍ക്കുള്ളില്‍
ആശയ വികരണവും'.


Friday, August 24, 2012

ചോദ്യം വന്ന വഴി



ചോദ്യം വന്ന വഴി -


അടച്ചിട്ട മുറിയിലെ
ഏകാന്തമായ ഭയത്തില്‍ നിന്ന്
ഭയാനകമായ ഏകാന്തതയില്‍ നിന്ന്‍



അടച്ചിട്ട ജന്നല്‍ കടന്ന്‍... വന്ന ആദ്യ രശ്മിയിലൂടെ
ഭിത്തിയില്‍ തൂക്കി ഫ്രെയിം ചെയ്ത ശൂന്യമായ ക്യാന്‍വാസിലൂടെ
തറയിലെ മൊസൈക് ചിപ്സുകള്‍ വരച്ച അരൂപങ്ങളിലൂടെ
ഒഴിഞ്ഞ കോണില്‍ ചിലന്തി നെയ്ത ചതിയിലൂടെ
നിറഞ്ഞ ബുക്ക്‌ ഷെല്‍ഫില്‍ നിന്ന് ജനിച്ചു വീണ ചിതലുകളിലൂടെ
ചായമടര്‍ന്നു വീണ ഭിത്തിയുടെ ഉള്ളറകളിലൂടെ
ഭിത്തിയില്‍ ചിത്രം തൂക്കാന്‍ തുളച്ച ദ്വാരത്തിന്റെ അന്തമില്ലാത്ത ചുഴിയിലൂടെ
മുറിഞ്ഞു വീണ പല്ലി വാലിന്റെ പിടച്ചിലിലൂടെ


ആരോ മേശപ്പുറത്തെറിഞ്ഞ ചോദ്യ കടലാസുകളില്‍ നിന്ന് ..
മേശ വലിപ്പിലെ ചുവന്ന മഷിയില്‍  നിന്ന്  ...

ഉത്തരക്കടലാസുകള്‍ കത്തിയെരിഞ്ഞ ചാരത്തില്‍ നിന്ന്.
ഉത്തരക്കടലാസുകള്‍ കത്തിയെരിഞ്ഞ..


മണ്ണെഴുത്തുകള്‍


അന്ന്
മേശക്കിരുപുറവും തല കുനിച്ചിരുന്ന്
നാം യാത്ര പോയത് നിലാവ് വീണ കടല്‍തീരത്തേക്ക്
നാം കൈമാറിയത് സ്നേഹത്തിന്‍ മണല്‍ത്തരികള്‍
നാം തല ചായ്ച്ചത് തിരകളുടെ നനവാര്‍ന്ന മടിയിലേക്ക്‌
നാം എഴുതിയത് പാതി മാഞ്ഞ മണ്ണെഴുത്തുകള്‍

ഒടുവില്‍
മേശ ഒരു കടലും
നാം കടലിന്നിരുവശവും

പിന്നെ
നിലാവ് മാഞ്ഞ തീരവും
തീരം മറന്ന തിരയും
കടല്‍ കൊണ്ടുപോയ നമ്മുടെ മണ്ണെഴുത്തുകളും
കടല്‍ ഒഴിഞ്ഞ നമ്മുടെ മനസ്സും.







Thursday, August 2, 2012

മണ്ണപ്പം


ഞാന്‍ :
തീന്‍ മേശയില്‍ വിളമ്പിയ
നിന്റെ ഇഡ്ഡലിക്ക്
വട്ടയിലയില്‍ പണ്ട് നീ ചുട്ടു വിളമ്പിയ
മണ്ണപ്പത്തിന്റെ രുചിയില്ലല്ലോ സുഹൃത്തേ.

അവള്‍ :
അന്ന് പാളവണ്ടി* യില്‍ നീയെന്നെ ഇരുത്തി
നാട് ചുറ്റുമ്പോള്‍ ഞാന്‍ രാജ്ഞിയും നീയെന്റെ രാജാവുമായിരുന്നു.
ഇന്നു നിന്റെ പുതിയ ബി എം ഡബ്ലിയു വില്‍ 
ഞാന്‍ എന്നും രാവിലെ ഓഫീസില്‍ ഡ്രോപ് ചെയ്യപ്പെടുന്ന
ഒരു യാത്രക്കാരി മാത്രമല്ലെ സഖാവെ.


മണ്ണപ്പം ഒലിച്ചും പോയി 
പാളവണ്ടി പറന്നും പോയി.


* കമുകിന്റെ ഓല

ദഹനം


മുത്തച്ഛനെ ദഹിപ്പിച്ചത്
തറവാട്ടു മുറ്റത്തെ മാവ് വെട്ടിയാണ്.

നാലാം നാള്‍
ഫ്ലാറ്റിലെ ബോണ്‍സായ് മാവ് ചൂണ്ടി
കൊച്ചുമകന്‍ അച്ഛനോട് ചോദിച്ചു
ഇതെന്നെ ദഹിപ്പിക്കനാണോ അച്ഛാ ?

നിക്ഷേപകന്‍


സെന്‍സെക്സ് തലകുത്തി
രൂപ ഡോളറിനു മുന്നില്‍ റാന്‍ മൂളി
മാര്‍ക്കറ്റ്‌ ഇടിഞ്ഞു , ഓഹരി മറിഞ്ഞു .
ലാപ്ടോപ് അടച്ച്, കണ്ണട ഊരി,
കണ്ണ് തിരുമ്മി, മേശമേല്‍ തലവച്ച്,
തലമേല്‍ കൈവച്ച്, കണ്ണടച്ചിരുന്നു.

എന്നിട്ട്
കൊളുത്ത് പോയ മുഷിഞ്ഞു നരച്ച നിക്കര്‍
വലിച്ചു കേറ്റി
സ്ലേറ്റും പെന്‍സിലും എടുത്ത്
പറമ്പില്‍ നിന്ന് മഷി തണ്ടും പറിച്ചു
സൈക്കിള്‍ ടയറും ഉരുട്ടിക്കൊണ്ട്
പള്ളിക്കൂടത്തിലേക്ക്..
വഴിയില്‍ കണ്ട കാട്ടു മാവിലേക്ക്‌ എറിഞ്ഞ
കല്ല്‌ വീണത്‌ അടുത്ത പറമ്പിലെ കുളത്തില്‍ .
കാറ്റത്ത്‌ വീണ കാട്ടു മാങ്ങ ചപ്പിക്കുടിച്ച്
മാങ്ങാണ്ടി വലിച്ചെറിഞ്ഞു അതിനു കൂട്ടുപോകാന്‍
പറഞ്ഞു കളിയാക്കി അനിയത്തിക്കുട്ടി ..
ആകാശമിരുണ്ട് ഇടി വെട്ടി
മഴ കാണാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍
കണ്ണിലേക്ക് ഇറ്റു ഒരു മഴത്തുള്ളി.

കണ്ണിലൂടിറങ്ങിയ ചുടു മഴത്തുള്ളി
ലാപ്ടോപ് നനച്ചു.

Thursday, July 26, 2012

ഒന്നാം കുലം കുത്തി രണ്ടാമനോട്


ഒന്നാം കുലം കുത്തി രണ്ടാമനോട് ചോദിച്ചു: ചുവന്ന ലോകത്തേക്കിനി എത്ര ദൂരം?
രണ്ടാമന്‍ കാല്‍വിരല്‍ കൊണ്ട് മണ്ണില്‍ അരിവാള്‍ ചുറ്റിക വരച്ചുകൊണ്ട് പറഞ്ഞു:
ഒരു ദൈവകണ ദൂരം മാത്രം.


കുലംകുത്തി ചര്‍ച്ചയില്‍  പതിവ് പോലെ
സ. ടി പി കുഴിമാടം താണ്ടി പുറത്തു വരികയും 
മുഖത്തെ 51 വെട്ടുകള്‍ എണ്ണിക്കാണിക്കുകയും  ചെയ്തു.
രക്തസാക്ഷി ഇപ്പോള്‍ ജീവിക്കുന്നത് ഞങ്ങളിലൂടെയല്ല, ചാനലുകളിലൂടെയാണ്
സഖാവെ.


അത്താഴത്തിനിടെ പിഞ്ഞാണത്തിനു പുറത്തിട്ട കറിവേപ്പില ഒരനുഭാവി 
ആരും കാണാതെ വീണ്ടുമെടുത്ത് വായിലേക്കിട്ടു ചവച്ചു. 
കറിവേപ്പിലകള്‍ വീട് വിട്ടു പോകുന്ന കാലമാണ്.



നിലാവുറങ്ങിയ ഒരു  രാത്രിയില്‍ ഏതോ  ശുംഭന്റെ വിരലില്‍ തൂങ്ങി 
നെയ്യാര്‍ അങ്ങനെ വലത്തോട്ടൊഴുകാന്‍ തുടങ്ങി.

ഇരുണ്ട സ്വപ്നങ്ങള്‍ക്കിടയില്‍ എപ്പോഴോ കണ്ണ് തുറന്ന്‍ 
പ്രിയ സഖിയുടെ നിറവയറി നു മേല്‍ ചെവിയോര്‍ത്തപ്പോള്‍ ഭാവിയിലെ സഖാവ് തന്നു ഒരു ചെറിയ ലാല്‍സലാം.


ആശ്വാസം !!!.....

Sunday, July 22, 2012

ടി പി യും മാധ്യമങ്ങളും






                         സമീപകാല  കേരള രാഷ്ട്രീയത്തില്‍ മുഖ്യധാര ഇടതുപക്ഷത്തിനു വിശ്വാസ തകര്‍ച്ചയും ധാര്‍മിക പ്രതിസന്ധിയും സമ്മാനിക്കുവാന്‍ സ. ടി പി യുടെ വധത്തിനു ഒരളവു വരെ കഴിഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചേരിയിലേക്ക് ആളെ കൂട്ടാനായി വലതു പക്ഷവും അവരുടെ പരിലാളനയില്‍ കഴിയുന്ന മാധ്യമ വൃന്ദവും ഈ അവസരം വേണ്ട വിധേന മുതലെടുക്കുകയും ചെയ്തു. വലതു മാധ്യമങ്ങള്‍ അതിരറ്റു ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്ത മറ്റൊരു കൊലപാതകവും കേരള ചരിത്രത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടുണ്ടാവില്ല.


 എന്നിരുന്നാലും പതിറ്റാണ്ടുകളുടെ  ചരിത്രത്തിലേക്ക് നോക്കിയാല്‍, നിരന്തരമായ ജനപക്ഷ നിലപാടുകളിലൂടെ മലയാളിയുടെ ബൌധിക സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിച്ചെടുത്ത വിശ്വാസത്തിനു മേല്‍ അല്പമെങ്കിലും  കരിനിഴല്‍ വീഴ്ത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതു ആലോചിക്കേണ്ടിയിരിക്കുന്നു. പല കാലങ്ങളായി പാര്‍ട്ടി നേരിട്ടിട്ടുള്ള താത്വിക, സംഘടന, രാഷ്ട്രീയ പരങ്ങളായ പ്രതിസന്ധികള്‍, അവയ്ക്ക് മറുപടിയായി പാര്‍ട്ടി കൈക്കൊണ്ട നിലപാടുകള്‍, ഇവയൊക്കെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അല്ലാതെ തിരിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ ടി.പി. വധം കേരളത്തിലെ സിപിഎം നെ അല്പം പോറല്‍ ഏല്പിച്ചു എന്നല്ലാതെ ചില വിമര്‍ശക കേസരികളും വിരുദ്ധരും സ്വപ്നം കാണുന്ന മുഖ്യധാര ഇടതുപക്ഷ തകര്‍ച്ച ഉണ്ടാവാന്‍ വഴിയില്ല. കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ദേശീയ ഇടതിന് മേല്‍ക്കൈ ഉണ്ടായിരുന്നത് മുന്‍കാലങ്ങളിലെ പല വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു മുന്നേറിയത് കൊണ്ട് തന്നെ. 


ആഗോളീകരണം പൊതു സമൂഹത്തിനു മേല്‍ വിതറിയ പല ദുഷ്പ്രവണതകളും സ്വാഭാവികമായി   ഒരളവു വരെ പാര്‍ട്ടി സഖാക്കളെയും ബാധിച്ചിട്ടുണ്ടെന്നത് പാര്‍ട്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. പദവി മോഹം, അധികാര പ്രമതത്ത എന്നിവ.  അപ്പോഴും മയക്കു മരുന്ന് മാഫിയയോടും ഗുണ്ടകളോടും  പൊരുതി കൊലചെയ്യപ്പെട്ട ഉദയം പെരൂരിലെ  സ. വിദ്യാധരന്റെ രക്തസാക്ഷിത്വം പോലുള്ളവ നമ്മുടെ മുന്നിലുണ്ട്.


അതുപോലെ  പ്രസ്ഥാനത്തിന്റെ വിഭാഗീയതയിലോ അധികാരത്തിലോ താല്പര്യമില്ലാത്ത ഒരു  നിശബ്ദ ജനസമൂഹത്തിന്റെ പിന്തുണ ഇന്നും കേരളത്തിലെ പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷം ഉന്മൂലനം ചെയ്യപ്പെട്ടാല്‍ ഉണ്ടാകുന്ന സാംസ്കാരിക പരിവര്‍ത്തന വിരാമത്തെയും സാമൂഹ്യ ചിന്തയുടെ നിരാസത്തെയും കുറിച്ച് ഉല്കണ്ടാകുലരായ ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ ഉള്ളിടത്തോളം കാലം പാര്‍ട്ടിക്ക് ആയുസ്സുണ്ട്.  ചാനലുകളിലെ  ബൂര്‍ഷ്വാ വായാടികളും വലതു മേലാളന്മാരും എത്ര ശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത ഈ ഒരു ജനകീയ അടിത്തറ പാര്‍ട്ടി ക്ക് ഉണ്ടാക്കികൊടുത്തത് ഉരുക്ക് പോലെ ഉറച്ച, താഴെത്തട്ടില്‍ ഉള്ള പാര്‍ട്ടി കേഡര്‍മാര്‍  ആണ് .


  ഇതൊക്കെ ആണെങ്കിലും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ ചരിത്ര-വര്‍ത്തമാന മാനങ്ങളെ അവഗണിച്ചു കൊണ്ട് സിപിഎം കൊലയളികളുടെയും ഗുണ്ടകളുടെയും പാര്‍ട്ടി ആണെന്ന ധാരണ പരത്താന്‍, ടി.പി വധം ഒരു നിമിത്തമാക്കി കൊണ്ട്, നവ ലിബരല്‍ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അനേകായിരം അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ ബോധത്തിന്റെ ധാര്‍മികത നിലനിര്‍ത്തുക എന്ന കടമ്പ പാര്‍ടിക്ക് മുന്നിലുണ്ട്.  അതിനായി കാറല്‍ മാര്‍ക്സ്‌ പറഞ്ഞ പോലെ  വിമര്‍ശനങ്ങള്‍, അവ എത്ര അസുഖകരമായാലും, അഭിമുഖീകരിച്ചു മുന്നേറുകയാണ് വേണ്ടത്.


അതിനുള്ള ആര്‍ജവം കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ആയ സിപിഎം നുണ്ട്. 

Monday, March 5, 2012

മോക്ഷം

യേശുക്രിസ്തു ബീമാപള്ളിയിലെക്കും പരമശിവന്‍ വേളാങ്കണ്ണിയിലേക്കും പ്രവാചകന്‍ നബി


ഗുരുവായൂര്‍ക്കും തീര്‍ത്ഥാടനത്തിനു പോകാറുണ്ടത്രെ  . കാണിക്ക (നേര്ച്ച ) ഇടാത്തത്


കൊണ്ടായിരിക്കും മൂവരും മോക്ഷം കിട്ടാതെ ഇവിടെ ഒക്കെ തന്നെ ചുറ്റിത്തിരിയുന്നുണ്ട്.

Friday, June 18, 2010

മഷി പടര്‍ന്ന വെള്ള കടലാസ്സ്‌

ഇന്നിനി ഉറക്കമില്ല
രാത്രിയില്‍ ദുസ്വപ്നങ്ങള്‍
മരണത്തിന്റെ നിസ്വനങ്ങള്‍
തേങ്ങലിന്റെ ഉച്ച്വാസങ്ങള്‍‍
ദീര്‍ഘ നിശ്വാസങ്ങള്‍ സീല്‍ക്കാരങ്ങള്‍
വിങ്ങുന്ന മൌനം, അടക്കിപിടിച്ച വാക്കുകള്‍
തെറ്റിപോയ കുറെ വാക്കുകള്‍
ചേരാതെ പോയ അക്ഷരങ്ങള്‍
വരിവിട്ട വാക്യങ്ങള്‍
മഷി പടര്‍ന്ന വെള്ള കടലാസ്സ്‌
അതിനരികില്‍‍ ചില്ലുടഞ്ഞ നിന്റെ കണ്ണടയും
മുനയൊടിഞ്ഞ എന്റെ മഷി പേനയും.


വാക്കുകള്‍ക്കിടയില്‍ വേര്പെടലുകള്‍
ഒത്തുചേരല്‍
പിന്നെ 
പെരുമഴ പെയ്തൊഴിഞ്ഞ്
മഴയില്‍ കുളിച്ചു നീയും ഞാനും.

Sunday, June 13, 2010

ശകിറയുടെ താരാട്ട്

മെക്സിക്കന്‍ ഗള്‍ഫിലെ തിമിങ്ങലങ്ങള്‍
ഒബാമക്ക് വേണ്ടി ഹെയര്‍ ഓയില്‍ ചര്ധിക്കുകയും,
ഭോപാലിലെ ചുവരുകളില്‍ anderson തുപ്പിയിട്ട
methyl isocyanide  ക‍റപ്പാടുകള്‍ തെളിഞ്ഞു വരുകയും,
വസന്തം വീണ്ടും ഇടിമുഴക്കുകയും
റെയില്‍ പാളങ്ങള്‍ ആ  ഇടിമുഴക്കത്തില്‍  പൊളിയുകയും,
വിമാനങ്ങള്‍ വക്കില്ലാത്ത പാത്രത്തില്‍ നിന്ന് തെന്നി വീഴുകയും,
സ്വത്വബോധം അരച്ചുകുലുക്കി കുടിക്കുകയും,
ചെയ്യുമ്പോഴേക്കും ആഫ്രിക്കന്‍ ഗ്രൌണ്ടുകളില്‍ shakira 'vakka vakka ' പാടി തുടങ്ങുകയും
ശബലാല ആദ്യ ഗോള്‍ അടിക്കുകയും ചെയ്തിരുന്നു .
ഇനി എന്ത് ഭോപാല്‍? എന്ത് സ്വത്വം?  നമുക്ക് ശകിറ  താരാട്ടില്‍ മയങ്ങാം സുഹൃത്തേ.
ഉണര്‍ന്നു ശ്രദ്ധിക്കാന്‍ ആര്‍ക്കാണ് സമയം?

ഉള്ളി

കണ്ണുകള്‍ നിറയുന്നത്
നീ കരയുമ്പോഴും , പിന്നെ  ഉള്ളി അരിയുമ്പോഴും മാത്രം.
ഉള്ളി - നിന്റ്റെ സ്വപ്‌നങ്ങള്‍ പോലെ,
നിന്റ്റെ  കണ്ണീര്മഴ പോലെ, എത്ര പൊളിച്ചാലും തീരാതെ
കണ്ണുകള്‍ നിറയുന്നത്
നീ നിന്റെ ഉള്ളിത്തോല്‍ പൊഴിക്കുമ്പോള്‍ മാത്രം.

Friday, June 4, 2010

manassum mazhayum

മനസ്സ് നിറയെ മഴക്കാര്‍ ആണ് .....മഴ പെയ്യുന്നില്ല.
ഒരു ചാറ്റല്‍ മഴ എങ്കിലും...