Thursday, July 26, 2012

ഒന്നാം കുലം കുത്തി രണ്ടാമനോട്


ഒന്നാം കുലം കുത്തി രണ്ടാമനോട് ചോദിച്ചു: ചുവന്ന ലോകത്തേക്കിനി എത്ര ദൂരം?
രണ്ടാമന്‍ കാല്‍വിരല്‍ കൊണ്ട് മണ്ണില്‍ അരിവാള്‍ ചുറ്റിക വരച്ചുകൊണ്ട് പറഞ്ഞു:
ഒരു ദൈവകണ ദൂരം മാത്രം.


കുലംകുത്തി ചര്‍ച്ചയില്‍  പതിവ് പോലെ
സ. ടി പി കുഴിമാടം താണ്ടി പുറത്തു വരികയും 
മുഖത്തെ 51 വെട്ടുകള്‍ എണ്ണിക്കാണിക്കുകയും  ചെയ്തു.
രക്തസാക്ഷി ഇപ്പോള്‍ ജീവിക്കുന്നത് ഞങ്ങളിലൂടെയല്ല, ചാനലുകളിലൂടെയാണ്
സഖാവെ.


അത്താഴത്തിനിടെ പിഞ്ഞാണത്തിനു പുറത്തിട്ട കറിവേപ്പില ഒരനുഭാവി 
ആരും കാണാതെ വീണ്ടുമെടുത്ത് വായിലേക്കിട്ടു ചവച്ചു. 
കറിവേപ്പിലകള്‍ വീട് വിട്ടു പോകുന്ന കാലമാണ്.നിലാവുറങ്ങിയ ഒരു  രാത്രിയില്‍ ഏതോ  ശുംഭന്റെ വിരലില്‍ തൂങ്ങി 
നെയ്യാര്‍ അങ്ങനെ വലത്തോട്ടൊഴുകാന്‍ തുടങ്ങി.

ഇരുണ്ട സ്വപ്നങ്ങള്‍ക്കിടയില്‍ എപ്പോഴോ കണ്ണ് തുറന്ന്‍ 
പ്രിയ സഖിയുടെ നിറവയറി നു മേല്‍ ചെവിയോര്‍ത്തപ്പോള്‍ ഭാവിയിലെ സഖാവ് തന്നു ഒരു ചെറിയ ലാല്‍സലാം.


ആശ്വാസം !!!.....

Sunday, July 22, 2012

ടി പി യും മാധ്യമങ്ങളും


                         സമീപകാല  കേരള രാഷ്ട്രീയത്തില്‍ മുഖ്യധാര ഇടതുപക്ഷത്തിനു വിശ്വാസ തകര്‍ച്ചയും ധാര്‍മിക പ്രതിസന്ധിയും സമ്മാനിക്കുവാന്‍ സ. ടി പി യുടെ വധത്തിനു ഒരളവു വരെ കഴിഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചേരിയിലേക്ക് ആളെ കൂട്ടാനായി വലതു പക്ഷവും അവരുടെ പരിലാളനയില്‍ കഴിയുന്ന മാധ്യമ വൃന്ദവും ഈ അവസരം വേണ്ട വിധേന മുതലെടുക്കുകയും ചെയ്തു. വലതു മാധ്യമങ്ങള്‍ അതിരറ്റു ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്ത മറ്റൊരു കൊലപാതകവും കേരള ചരിത്രത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടുണ്ടാവില്ല.


 എന്നിരുന്നാലും പതിറ്റാണ്ടുകളുടെ  ചരിത്രത്തിലേക്ക് നോക്കിയാല്‍, നിരന്തരമായ ജനപക്ഷ നിലപാടുകളിലൂടെ മലയാളിയുടെ ബൌധിക സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിച്ചെടുത്ത വിശ്വാസത്തിനു മേല്‍ അല്പമെങ്കിലും  കരിനിഴല്‍ വീഴ്ത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതു ആലോചിക്കേണ്ടിയിരിക്കുന്നു. പല കാലങ്ങളായി പാര്‍ട്ടി നേരിട്ടിട്ടുള്ള താത്വിക, സംഘടന, രാഷ്ട്രീയ പരങ്ങളായ പ്രതിസന്ധികള്‍, അവയ്ക്ക് മറുപടിയായി പാര്‍ട്ടി കൈക്കൊണ്ട നിലപാടുകള്‍, ഇവയൊക്കെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അല്ലാതെ തിരിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ ടി.പി. വധം കേരളത്തിലെ സിപിഎം നെ അല്പം പോറല്‍ ഏല്പിച്ചു എന്നല്ലാതെ ചില വിമര്‍ശക കേസരികളും വിരുദ്ധരും സ്വപ്നം കാണുന്ന മുഖ്യധാര ഇടതുപക്ഷ തകര്‍ച്ച ഉണ്ടാവാന്‍ വഴിയില്ല. കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ദേശീയ ഇടതിന് മേല്‍ക്കൈ ഉണ്ടായിരുന്നത് മുന്‍കാലങ്ങളിലെ പല വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു മുന്നേറിയത് കൊണ്ട് തന്നെ. 


ആഗോളീകരണം പൊതു സമൂഹത്തിനു മേല്‍ വിതറിയ പല ദുഷ്പ്രവണതകളും സ്വാഭാവികമായി   ഒരളവു വരെ പാര്‍ട്ടി സഖാക്കളെയും ബാധിച്ചിട്ടുണ്ടെന്നത് പാര്‍ട്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. പദവി മോഹം, അധികാര പ്രമതത്ത എന്നിവ.  അപ്പോഴും മയക്കു മരുന്ന് മാഫിയയോടും ഗുണ്ടകളോടും  പൊരുതി കൊലചെയ്യപ്പെട്ട ഉദയം പെരൂരിലെ  സ. വിദ്യാധരന്റെ രക്തസാക്ഷിത്വം പോലുള്ളവ നമ്മുടെ മുന്നിലുണ്ട്.


അതുപോലെ  പ്രസ്ഥാനത്തിന്റെ വിഭാഗീയതയിലോ അധികാരത്തിലോ താല്പര്യമില്ലാത്ത ഒരു  നിശബ്ദ ജനസമൂഹത്തിന്റെ പിന്തുണ ഇന്നും കേരളത്തിലെ പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷം ഉന്മൂലനം ചെയ്യപ്പെട്ടാല്‍ ഉണ്ടാകുന്ന സാംസ്കാരിക പരിവര്‍ത്തന വിരാമത്തെയും സാമൂഹ്യ ചിന്തയുടെ നിരാസത്തെയും കുറിച്ച് ഉല്കണ്ടാകുലരായ ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ ഉള്ളിടത്തോളം കാലം പാര്‍ട്ടിക്ക് ആയുസ്സുണ്ട്.  ചാനലുകളിലെ  ബൂര്‍ഷ്വാ വായാടികളും വലതു മേലാളന്മാരും എത്ര ശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത ഈ ഒരു ജനകീയ അടിത്തറ പാര്‍ട്ടി ക്ക് ഉണ്ടാക്കികൊടുത്തത് ഉരുക്ക് പോലെ ഉറച്ച, താഴെത്തട്ടില്‍ ഉള്ള പാര്‍ട്ടി കേഡര്‍മാര്‍  ആണ് .


  ഇതൊക്കെ ആണെങ്കിലും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ ചരിത്ര-വര്‍ത്തമാന മാനങ്ങളെ അവഗണിച്ചു കൊണ്ട് സിപിഎം കൊലയളികളുടെയും ഗുണ്ടകളുടെയും പാര്‍ട്ടി ആണെന്ന ധാരണ പരത്താന്‍, ടി.പി വധം ഒരു നിമിത്തമാക്കി കൊണ്ട്, നവ ലിബരല്‍ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അനേകായിരം അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ ബോധത്തിന്റെ ധാര്‍മികത നിലനിര്‍ത്തുക എന്ന കടമ്പ പാര്‍ടിക്ക് മുന്നിലുണ്ട്.  അതിനായി കാറല്‍ മാര്‍ക്സ്‌ പറഞ്ഞ പോലെ  വിമര്‍ശനങ്ങള്‍, അവ എത്ര അസുഖകരമായാലും, അഭിമുഖീകരിച്ചു മുന്നേറുകയാണ് വേണ്ടത്.


അതിനുള്ള ആര്‍ജവം കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ആയ സിപിഎം നുണ്ട്.