Wednesday, September 26, 2012

കൂടംകുളം



I

ആഞ്ഞടിച്ചത്
കടലില്‍ നിന്ന് തിരകള്‍
കരയില്‍ നിന്ന് ലാത്തികള്‍
ആകാശത്ത് നിന്ന് സുരക്ഷാ വിമാനങ്ങള്‍


കടലില്‍ തീര്‍ത്ത
മനുഷ്യ ചങ്ങല എന്നിട്ടും പൊട്ടിയില്ല

സുനാമി തോറ്റുപോയ കരയില്‍
ഒരു ചെറു വേലിയേറ്റം എന്ത്
മാറ്റം വരുത്താനാണ്?

II

ശരീരം മണലില്‍ പൂഴ്ത്തി
ചിരിക്കുന്ന കരയുന്ന കുറെ മുഖങ്ങള്‍ മാത്രം മണ്ണിനു മുകളില്‍
അറുത്തു വച്ച കുറെ ആട്ടിന്‍ തലകള്‍ അറവുശാലയില്‍ വില്‍ക്കാന്‍ വച്ചതു പോലെ
ജീവനുള്ള അനേകം രക്തസാക്ഷി കുടീരങ്ങള്‍ പോലെ

കുതിര കുളമ്പുകള്‍ ശബ്ദിച്ചില്ല 
കറുത്ത ബൂട്ടുകള്‍ ചോര പൊടിച്ചില്ല
ചെകുത്താന്‍ ഞണ്ടുകള്‍ കണ്ണുകള്‍ ചൂഴ്ന്നില്ല.

ആണവ മേധാവി
മന്ത്രിക്ക് ഊര്‍ജം പകര്‍ന്നു :

'മണ്ണില്‍ പൂഴ്ത്തിയ ശരീരത്തിലേക്ക്
അണു വികരണം നടക്കില്ല,
കഴുതത്തലകള്‍ക്കുള്ളില്‍
ആശയ വികരണവും'.