Friday, August 24, 2012

ചോദ്യം വന്ന വഴി



ചോദ്യം വന്ന വഴി -


അടച്ചിട്ട മുറിയിലെ
ഏകാന്തമായ ഭയത്തില്‍ നിന്ന്
ഭയാനകമായ ഏകാന്തതയില്‍ നിന്ന്‍



അടച്ചിട്ട ജന്നല്‍ കടന്ന്‍... വന്ന ആദ്യ രശ്മിയിലൂടെ
ഭിത്തിയില്‍ തൂക്കി ഫ്രെയിം ചെയ്ത ശൂന്യമായ ക്യാന്‍വാസിലൂടെ
തറയിലെ മൊസൈക് ചിപ്സുകള്‍ വരച്ച അരൂപങ്ങളിലൂടെ
ഒഴിഞ്ഞ കോണില്‍ ചിലന്തി നെയ്ത ചതിയിലൂടെ
നിറഞ്ഞ ബുക്ക്‌ ഷെല്‍ഫില്‍ നിന്ന് ജനിച്ചു വീണ ചിതലുകളിലൂടെ
ചായമടര്‍ന്നു വീണ ഭിത്തിയുടെ ഉള്ളറകളിലൂടെ
ഭിത്തിയില്‍ ചിത്രം തൂക്കാന്‍ തുളച്ച ദ്വാരത്തിന്റെ അന്തമില്ലാത്ത ചുഴിയിലൂടെ
മുറിഞ്ഞു വീണ പല്ലി വാലിന്റെ പിടച്ചിലിലൂടെ


ആരോ മേശപ്പുറത്തെറിഞ്ഞ ചോദ്യ കടലാസുകളില്‍ നിന്ന് ..
മേശ വലിപ്പിലെ ചുവന്ന മഷിയില്‍  നിന്ന്  ...

ഉത്തരക്കടലാസുകള്‍ കത്തിയെരിഞ്ഞ ചാരത്തില്‍ നിന്ന്.
ഉത്തരക്കടലാസുകള്‍ കത്തിയെരിഞ്ഞ..


മണ്ണെഴുത്തുകള്‍


അന്ന്
മേശക്കിരുപുറവും തല കുനിച്ചിരുന്ന്
നാം യാത്ര പോയത് നിലാവ് വീണ കടല്‍തീരത്തേക്ക്
നാം കൈമാറിയത് സ്നേഹത്തിന്‍ മണല്‍ത്തരികള്‍
നാം തല ചായ്ച്ചത് തിരകളുടെ നനവാര്‍ന്ന മടിയിലേക്ക്‌
നാം എഴുതിയത് പാതി മാഞ്ഞ മണ്ണെഴുത്തുകള്‍

ഒടുവില്‍
മേശ ഒരു കടലും
നാം കടലിന്നിരുവശവും

പിന്നെ
നിലാവ് മാഞ്ഞ തീരവും
തീരം മറന്ന തിരയും
കടല്‍ കൊണ്ടുപോയ നമ്മുടെ മണ്ണെഴുത്തുകളും
കടല്‍ ഒഴിഞ്ഞ നമ്മുടെ മനസ്സും.







Thursday, August 2, 2012

മണ്ണപ്പം


ഞാന്‍ :
തീന്‍ മേശയില്‍ വിളമ്പിയ
നിന്റെ ഇഡ്ഡലിക്ക്
വട്ടയിലയില്‍ പണ്ട് നീ ചുട്ടു വിളമ്പിയ
മണ്ണപ്പത്തിന്റെ രുചിയില്ലല്ലോ സുഹൃത്തേ.

അവള്‍ :
അന്ന് പാളവണ്ടി* യില്‍ നീയെന്നെ ഇരുത്തി
നാട് ചുറ്റുമ്പോള്‍ ഞാന്‍ രാജ്ഞിയും നീയെന്റെ രാജാവുമായിരുന്നു.
ഇന്നു നിന്റെ പുതിയ ബി എം ഡബ്ലിയു വില്‍ 
ഞാന്‍ എന്നും രാവിലെ ഓഫീസില്‍ ഡ്രോപ് ചെയ്യപ്പെടുന്ന
ഒരു യാത്രക്കാരി മാത്രമല്ലെ സഖാവെ.


മണ്ണപ്പം ഒലിച്ചും പോയി 
പാളവണ്ടി പറന്നും പോയി.


* കമുകിന്റെ ഓല

ദഹനം


മുത്തച്ഛനെ ദഹിപ്പിച്ചത്
തറവാട്ടു മുറ്റത്തെ മാവ് വെട്ടിയാണ്.

നാലാം നാള്‍
ഫ്ലാറ്റിലെ ബോണ്‍സായ് മാവ് ചൂണ്ടി
കൊച്ചുമകന്‍ അച്ഛനോട് ചോദിച്ചു
ഇതെന്നെ ദഹിപ്പിക്കനാണോ അച്ഛാ ?

നിക്ഷേപകന്‍


സെന്‍സെക്സ് തലകുത്തി
രൂപ ഡോളറിനു മുന്നില്‍ റാന്‍ മൂളി
മാര്‍ക്കറ്റ്‌ ഇടിഞ്ഞു , ഓഹരി മറിഞ്ഞു .
ലാപ്ടോപ് അടച്ച്, കണ്ണട ഊരി,
കണ്ണ് തിരുമ്മി, മേശമേല്‍ തലവച്ച്,
തലമേല്‍ കൈവച്ച്, കണ്ണടച്ചിരുന്നു.

എന്നിട്ട്
കൊളുത്ത് പോയ മുഷിഞ്ഞു നരച്ച നിക്കര്‍
വലിച്ചു കേറ്റി
സ്ലേറ്റും പെന്‍സിലും എടുത്ത്
പറമ്പില്‍ നിന്ന് മഷി തണ്ടും പറിച്ചു
സൈക്കിള്‍ ടയറും ഉരുട്ടിക്കൊണ്ട്
പള്ളിക്കൂടത്തിലേക്ക്..
വഴിയില്‍ കണ്ട കാട്ടു മാവിലേക്ക്‌ എറിഞ്ഞ
കല്ല്‌ വീണത്‌ അടുത്ത പറമ്പിലെ കുളത്തില്‍ .
കാറ്റത്ത്‌ വീണ കാട്ടു മാങ്ങ ചപ്പിക്കുടിച്ച്
മാങ്ങാണ്ടി വലിച്ചെറിഞ്ഞു അതിനു കൂട്ടുപോകാന്‍
പറഞ്ഞു കളിയാക്കി അനിയത്തിക്കുട്ടി ..
ആകാശമിരുണ്ട് ഇടി വെട്ടി
മഴ കാണാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍
കണ്ണിലേക്ക് ഇറ്റു ഒരു മഴത്തുള്ളി.

കണ്ണിലൂടിറങ്ങിയ ചുടു മഴത്തുള്ളി
ലാപ്ടോപ് നനച്ചു.